District News
വെച്ചൂർ: ആസൂത്രണത്തിലെ പിഴവുമൂലം തറക്കല്ലിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും സ്കൂൾ കെട്ടിടം നിർമിക്കാൻ കഴിയാതെ വന്നതോടെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളായ വെച്ചൂർ ദേവീവിലാസം സ്കൂളിലാണ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിലായത്. കിഫ്ബി ഫണ്ട് മൂന്നു കോടി 90 ലക്ഷം രൂപയും എംഎൽഎ ഫണ്ടായി 20 ലക്ഷം രൂപകൂടി നൽകിയിട്ടും സ്കൂൾ കെട്ടിടം പണിയാനായില്ല.
വൈക്കം വെച്ചൂർ ഗവൺമെന്റ് ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ് മുറികളിലാണ് ഇപ്പോൾ പ്ലസ്ടു വിദ്യാർഥികളുടെ പഠനം. അടുത്തടുത്തായുള്ള മുറികളിലെ ക്ലാസുകളിലെ ശബ്ദം മറ്റു ക്ലാസ്മുറികളിലും എത്തുന്നതിനാൽ അധ്യാപകർ പഠിപ്പിക്കുന്നതുപോലും കുട്ടികൾക്ക് കേൾക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മൂന്നു വർഷം മുമ്പ് കിഫ്ബി മൂന്നുകോടി 90 ലക്ഷം രൂപ അനുവദിച്ചപ്പോൾ അഞ്ച് ക്ലാസ് മുറികളും ശുചിമുറിയുമടക്കമുള്ള കെട്ടിടം പൊളിച്ചുനീക്കിയതോടെയാണ് വിദ്യാർഥികളുടെ ദുരിതം തുടങ്ങിയത്. 2023 ഡിസംബറിൽ ഒരു വർഷത്തിനകം പുതിയ കെട്ടിടമെന്ന പ്രഖ്യാപനവുമായി ആഘോഷപൂർവം തറക്കല്ലിടീലും നടത്തി. എന്നാൽ പണി നടത്താൻ ചുമതലയേറ്റ കിലയുടെ ആസൂത്രണത്തിലെ വീഴ്ചമൂലം ഇതുവരെ കെട്ടിടം പണി തുടങ്ങാനായില്ലെന്നാണ് ആരോപണം.
ആദ്യം നടത്തേണ്ട മണ്ണുപരിശോധനയും ഭാരപരിശോധനയുമടക്കം നടത്താതെയാണ് ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് മൂന്നുനില കെട്ടിടം കില വിഭാവനം ചെയ്തത്. കരാറുകാരൻ വർഷങ്ങൾക്ക് മുമ്പ് ഇറക്കിയ കമ്പികൾ തുരുമ്പെടുത്തു നശിക്കാൻ തുടങ്ങിയെന്നു മാത്രമല്ല പണിക്കായി നാട്ടിയ കമ്പികളും കുറ്റികളും കുട്ടികൾക്ക് അപകട ഭീഷണിയായി മാറിയെന്ന് രക്ഷകർത്താക്കൾ കുറ്റപ്പെടുത്തുന്നു.
പണി മുടങ്ങിയതോടെ 20 ലക്ഷം രൂപ സി.കെ. ആശ എംഎൽഎ കൂടുതൽ അനുവദിക്കുകയും ചെയ്തു. എന്നാൽ, ഫണ്ട് കുമിഞ്ഞുകൂടിയതല്ലാതെ കെട്ടിടം പണി നടന്നതുമില്ല. ഇതിനിടെ ക്ലാസ്മുറികളുടെ അഭാവം പഠനത്തെ ബാധിച്ചതോടെ സ്കൂളിൽ കുട്ടികളുടെ എണ്ണവും കുറഞ്ഞു. പ്ലസ് വണിന് ഇത്തവണ 72 കുട്ടികൾ മാത്രമാണ് എത്തിയത്.
നഴ്സറി കൂടാതെ ഒന്നു മുതൽ പ്ലസ്ടുവരെ നിലവിൽ 1,050 കുട്ടികളാണ് സ്കൂളിലുള്ളത്. ഹൈസ്കൂളിലടക്കം കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ കെട്ടിടം പണിയുടെ പാളിച്ച കാർഷിക മേഖലയിലെ സാധാരണക്കാരുടെ കുട്ടികളടക്കം പഠിക്കുന്ന ഒരു സ്കൂളിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഭാരപരിശോധന പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ നിർമാണരീതി പരീക്ഷിക്കാനാണ് കിലയുടെ നീക്കം. എന്നാൽ കിലയുടെ പുതിയ ആസൂത്രണത്തിൽ വിഭാവനം ചെയ്ത മൂന്നുനില കെട്ടിടം രണ്ടു നില മാത്രമായി മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
International
വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്തെ കെട്ടിടം പുതിയ നൃത്തശാല പണിയുന്നതിനായി തകര്‍ത്തു. വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുള്ള പുതിയ നൃത്തശാല 30 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കിഴക്കേ ഭാഗം പൊളിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇങ്ങോട്ടുള്ള പ്രവേശനകവാടവും പൊളിച്ചുനീക്കിയിട്ടുണ്ട്. വൈറ്റ് ഹൗസിലെ പ്രധാന കെട്ടിടത്തെ കിഴക്കേ ഭാഗവുമായി ബന്ധിപ്പിച്ചിരുന്ന തൂണുകളോടുകൂടിയ ഇടനാഴിയും പൂര്‍ണമായും നീക്കം ചെയ്തു. ഇവിടെ ഒരു ചെറിയ ഭാഗം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ.
അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗം പൂര്‍ണമായും തകര്‍ക്കപ്പെട്ടുവെന്നും ഒരുകാലത്ത് പ്രശസ്തമായ ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ജാക്വലിന് കെന്നഡിയുടെ പേരിലുള്ള പൂന്തോട്ടവും തകര്‍ത്തതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്.
ഇതോടനുബന്ധിച്ച് ഉണ്ടായിരുന്ന ബങ്കര്‍ നവീകരിക്കും. ഏതൊരു നിര്‍മാണത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ് പൊളിച്ചുനീക്കലിനും ഉയര്‍ന്ന നിര്‍മാണച്ചെലവിനും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് പറഞ്ഞു. വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും പലപ്പോഴായി നടന്ന കൂട്ടിച്ചേര്‍ക്കലുകള്‍ ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസ് ഇതിനെ പ്രതിരോധിക്കുന്നത്.
90,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള നൃത്തശാല വൈറ്റ് ഹൗസിലെ പ്രധാന കെട്ടിടത്തെ വലുപ്പത്തില്‍ മറികടക്കും. നികുതിദായകര്‍ക്ക് യാതൊരു ചെലവുമില്ലാതെ താനും തന്റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് നൃത്തശാലയുടെ പണം നല്‍കുമെന്നും ട്രംപ് പറഞ്ഞു.
Kerala
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് പരിക്കേറ്റ യാത്രക്കാരെ തിരിച്ചറിഞ്ഞു. നീരാവിൽ സ്വദേശി മേലെ പുത്തൻവീട്ടിൽ സുധീഷ്, വട്ടിയൂർകാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. മെയിലിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു.
ഇവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് കമ്പി ഇളകിവീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.